ലഹരി വിപത്ത് ആഗോള വിഷയമാണെന്നും നിലവിലുള്ള പ്രശ്നങ്ങളെയും വെല്ലുവിളികളെയും മനസിലാക്കാൻ നൂതനമായ പ്രതികരണ-പ്രചാരണ പരിപാടികൾ ആരംഭിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും യുഎൻ പറയുന്നു. ലോക രാജ്യങ്ങൾ കൂട്ടായി ഈ മഹാ തിന്മയ്ക്കെതിരേ ഒന്നിക്കണമെന്നും യുഎൻ ആഹ്വാനം ചെയ്യുന്നു.
ലഹരിവസ്തുക്കളുടെ പ്രദാനവും പ്രചോദനവും നിരന്തരമായ ഇടപെടലുകളിലൂടെ കുറച്ചു കൊണ്ടുവന്ന് ലോകത്തെ രക്ഷിക്കുവാനുള്ള ദൗത്യം ഏറ്റെടുക്കണമെന്ന് യുഎൻ നിർദേശിക്കുന്നു. ലഹരി മാഫിയയെ ഊട്ടിവളർത്തുന്ന ക്രൈം സിൻഡിക്കറ്റുകളുടെ ചിറക് അരിയേണ്ടത് മനുഷ്യകുലത്തിന്റെ നിലനില്പിന് അനുപേക്ഷണീയമാണെന്നും 2026ലെ ലഹരിക്കെതിരേയുള്ള യുഎൻ പ്രമേയത്തിൽ പറയുന്നുമുണ്ട്.
ഭാരതവും ലഹരിയും
നമ്മുടെ ദേശീയ പ്രസ്ഥാനത്തിന്റെ പരിപാടികളിൽ മുഖ്യസ്ഥാനം മദ്യത്തിനും മറ്റു ലഹരി പദാർഥങ്ങൾക്കുമെതിരേയുള്ള നടപടികൾക്ക് നൽകിയിരുന്നു. ഗാന്ധിജി സ്വാതന്ത്ര്യത്തിനുവേണ്ടി അവതരിപ്പിച്ച 18 ഇന പരിപാടികളിൽ മദ്യത്തിനെതിരേയുളള പോരാട്ടത്തിന് പ്രഥമ പരിഗണനയാണ് നൽകിയിരുന്നത്. കോൺഗ്രസിൽ അംഗത്വം എടുക്കുന്നവർക്ക് മദ്യമടക്കമുള്ള ലഹരി വസ്തുക്കളുമായി ഒരുതരത്തിലുളള ബന്ധവും പാടില്ലെന്നുള്ള കർശന വ്യവസ്ഥ ഏർപ്പെടുത്തിയിരുന്നു.
ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ രാജ്യത്ത് ഘട്ടംഘട്ടമായി മദ്യവും മറ്റു ലഹരികളും പൂർണമായി നിരോധിക്കണമെന്ന് നിർദേശിച്ചിട്ടുള്ളതുമാണ്. എന്നാൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അധികാരത്തിൽ വന്ന സർക്കാരുകൾ ഈ വിഷയത്തിന് വേണ്ടത്ര പരിഗണനയും പ്രാധാന്യവും നൽകാതിരുന്നതുകൊണ്ട് മദ്യവും മറ്റു ലഹരി വസ്തുക്കളും രാജ്യത്ത് വ്യാപകമാവുകയും സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും പടർന്നു കയറുകയും ചെയ്തിരിക്കുന്നു.
കേരളം ഒന്നാമത്
മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപഭോഗത്തിൽ കേരളം ഇന്ന് മറ്റെല്ലാ സംസ്ഥാനങ്ങളെയും പിന്നിലാക്കി ഒന്നാമത് എത്തിയിരിക്കുന്നു . നമ്മുടെ കാമ്പസുകളിലും സിനിമ മേഖലകളിലും രാഷ്ട്രീയ ഇടങ്ങളിലും തെരഞ്ഞെടുപ്പുകളിലും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപഭോഗം ആരെയും ഭീതിപ്പെടുത്തുന്ന തോതിൽ ഉയർന്നുകൊണ്ടിരിക്കുന്നു. കൃഷിപ്പണികൾക്കും കെട്ടിടം പണികൾക്കുംവരെ തൊഴിലാളികളെ കിട്ടണമെങ്കിൽ മദ്യസേവ അവശ്യ ഘടകമായിരിക്കുന്നു.
കേരളം മദ്യത്തിൽ മദിക്കുകയും അതുവഴി സാമൂഹ്യ വിപത്തുകളെ എമ്പാടും വിളിച്ചുവരുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മാരകരോഗങ്ങളുടെ വർധനയുടെ പിന്നിൽ മദ്യവും മയക്കുമരുന്നുകളുമാണ് പ്രധാന പങ്കു വഹിക്കുന്നത്. കരൾ, കാൻസർ രോഗങ്ങൾ ഉള്ളവർ എല്ലാ വീടുകളിലും ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് കേരളത്തിലിപ്പോൾ. നിർഭാഗ്യവശാൽ നമ്മുടെ ഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും മനുഷ്യരെ രോഗികളാക്കുന്ന മദ്യവ്യാപനനത്തിന്റെയും മദ്യസംസ്കാരത്തിന്റെയും അപകടങ്ങളെക്കുറിച്ച് വേണ്ടത്ര ബോധ്യം ഇല്ലാത്തവരോ അറിഞ്ഞുകൊണ്ട് അജ്ഞത നടിക്കുന്നവരോ ആണ്.
തങ്ങളെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ മദ്യശാലകളല്ല, പുതിയ സ്കൂളുകളാണ് തുറക്കുക എന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ 29 ബാറുകൾ ഉണ്ടായിരുന്നിടത്ത് പുതുതായി 900 ത്തോളം ബാറുകൾ അനുവദിക്കുകയും ദൂരപരിധി കുറയ്ക്കുകയും ചെയ്തു. ഐടി പാർക്കുകൾ ഉൾപ്പെടെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും മദ്യശാലകൾ തുറക്കുകയാണ് ഉണ്ടായത്. മദ്യത്തിന്റെ ലഭ്യത സാർവത്രികമാക്കി.
മദ്യത്തിലെ വീര്യം
മദ്യം എവിടെ സുലഭമാണോ, മദ്യം എവിടെ കൂടുതൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവോ, അവിടെ മദ്യാസക്തരുടെ എണ്ണം വർധിക്കും. വീര്യം കുറഞ്ഞ മദ്യത്തിൽ നിന്നാണ് ഏത് കുടിയന്മാരുടെയും തുടക്കം. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാൽ കേരളത്തിൽ മദ്യപ്രശ്നം തീർന്നെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥ മേലാളന്മാർക്കും മദ്യ നിർമാതാക്കൾക്കും ഇത് അറിയാത്തതല്ല.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിരക്ക് കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനം ഇപ്പോൾ വിവാദമായിരിക്കുകയാണ്. ""ഇടതൻ വന്നു ഭരിച്ചാലും, വലതൻ വന്നാലും, നടുവൻ ഭരിച്ചാലും മദ്യം നാട് ഭരിക്കും'' എന്നുള്ള മന്മഥൻ സാറിന്റെ പതിറ്റാണ്ടുകൾക്ക് മുമ്പുളള മുന്നറിയിപ്പ് ശരിവയ്ക്കുന്ന കാര്യങ്ങളാണ് കേരളത്തിലും ഭാരതത്തിലും നടന്നുകൊണ്ടിരിക്കുന്നത്.
നാട്ടിൽ തെങ്ങും പനയും ചെത്തി കള്ള് ഉണ്ടാക്കുന്നവരുടെ എണ്ണം വളരെ വളരെ കുറവാണെങ്കിലും പാലക്കാട്ടുനിന്നും കൃത്രിമ കള്ള് ഉത്പാദിപ്പിച്ച് കേരളം മുഴുവൻ ഒഴുക്കുന്ന മാഫിയയെക്കുറിച്ച് ഉന്നതങ്ങളിലുള്ളവർക്ക് അറിയാമെങ്കിലും അവർ കണ്ണടയ്ക്കും. മയക്കുമരുന്നുകളുടെ വ്യാപനത്തിന്റെ പിന്നിലും രാഷ്ട്രീയ - ഉദ്യോഗസ്ഥ - കൂട്ടുകച്ചവടമാണ് പലയിടത്തും നടക്കുന്നത്.
തൂഫാനും കേരളവും
മയക്കുമരുന്ന് വ്യാപനത്തിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേതൃത്വം കൊടുക്കുന്ന തൂഫാനിൽ വിദേശ മദ്യകടകളെയും ബാറുകളെയും കള്ളുഷാപ്പുകളെയും ഉൾപ്പെടുത്തിയതായി കാണുന്നില്ല. മയക്കുമരുന്നിലെന്നപോലെ മദ്യകച്ചവടത്തിലും വലിയ സ്രാവുകൾ വിഹരിക്കുന്നുണ്ട്.
സ്വന്തമായി വിദേശ മദ്യം ഉദ്പാദിപ്പിച്ച് സ്വയം വിൽപ്പന നടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാത്രി പത്തുമണിക്കു ശേഷമെങ്കിലും ഉറങ്ങേണ്ടത് ശരിയായ ആരോഗ്യ പരിപാലനത്തിന് അനുപേക്ഷണീയമാണെന്ന് ആ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പാതിരാവരെ മദ്യശാലകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞ സർക്കാർ എടുത്ത തീരുമാനം റദ്ദാക്കുവാനുള്ള ഇച്ഛാശക്തി പുതിയ സർക്കാരിന് ഉണ്ടാകുമോ? മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള പാഠഭാഗങ്ങൾ അഞ്ചാം ക്ലാസുമുതൽ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുമോ? ഒരു പ്രദേശത്ത് മദ്യഷാപ്പ് അനുവദിക്കുവാനുള്ള അധികാരം പഞ്ചായത്തുകൾക്കായിരുന്നു. കവർന്നെടുത്ത ഈ അധികാരം പഞ്ചായത്തുകൾക്ക് തിരിച്ചു നൽകി മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള ജനപക്ഷ നിലപാട് ഈ സർക്കാർ സ്വീകരിക്കുമോ?